Sunday, July 8, 2007

വഴിയോരക്കാഴ്ച്ചകള്‍

ഒരാള്‍...

ബസ്സിനു വേഗത കുറവാണ്. സുന്ദരമായ വഴിയോരക്കാഴ്ച്ചകള്‍...

അതിസുന്ദരമായ കാഴ്ച്ചകള്‍ ഒന്നിനു പിറകേ ഒന്നായി വന്നുപോയിക്കൊണ്ടിരിക്കുന്നു. അവയൊന്നും നഷ്ടപ്പെടുത്താന്‍ എനിക്കു തോന്നിയില്ല. അതുകൊണ്ടു തന്നെ അവളുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാന്‍ എനിക്കു തോന്നിയതുമില്ല. അവള്‍ വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഓരോ വാചകം അവള്‍ പറഞ്ഞവസാനിപ്പിക്കുമ്പൊഴും ഞാന്‍ യാന്ത്രികമായി മൂളിക്കൊണ്ടിരുന്നു.

അവസാനം ബസ്സ് സ്റ്റാന്ഡിലെത്തി. വഴിയോരക്കാഴ്ച്ചകള്‍ അവസാനിച്ചു. ങാ.. ഇനി അവള്‍ പറയുന്നതു കേള്‍ക്കാം. ഇല്ല...., എന്റെ വലതു വശത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.

അവള്‍ പറഞ്ഞതൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണു ഞാന്‍... വെറുതേ...

* * * * * * * * ** * * * * * * * * * * * * * * * * **
മറ്റൊരാള്‍...

ബസ്സിനു വേഗത കുറവാണ്. സുന്ദരമായ വഴിയോരക്കാഴ്ച്ചകള്‍...

അവളെന്നെ ചേര്‍‌ത്തു പിടിച്ചുകൊണ്ടു വാ തോരാതെ സംസാരിക്കുകയാണ്. എത്ര മധുരമായിട്ടണെന്നോ അവള്‍ സംസാരിക്കുന്നത്. എനിക്കു പുറത്തേക്കു നോക്കാനേ കഴിഞ്ഞില്ല. അവളുടെ ശബ്ദം എന്നെ പിടിച്ചിരുത്തിയിരിക്കുന്നു. അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.

അവസാനം ബസ്സ് സ്റ്റാന്ഡിലെത്തി. അവള്‍ യാത്ര പറഞ്ഞു പോയി. ങാ.. ഇനി പുറത്തെ കാഴ്ച്ചകള്‍ കാണാം. ഇല്ല, ഇപ്പോള്‍ എനിക്കു കാണാന്‍ കഴിയുന്നതു സ്റ്റാന്ഡിലെ മൂത്രപ്പുരയുടെ മതില്‍ മാത്രമാണ്.

വഴിയോരക്കാഴ്ച്ചകള്‍... ???

Friday, July 6, 2007

തുടക്കം :)

എന്തിനും ഒരു തുടക്കം വേണമെന്നാരാ പറഞ്ഞത്?


ഓ... അതു ഞാന്‍ തന്നെയാ....

:):):)