***************************************************
ഒന്ന്:-
“പാതി വിരിഞ്ഞ പൂക്കളും പറിക്കണ്ടാ.. കേട്ടോ...” അമ്മൂമ്മ പിറകെ നിന്നു വിളിച്ചു പറഞ്ഞു... “നാളത്തേക്ക് കുറേ പൂ വേണം.. പൂമൊട്ടൊന്നും ഇന്നേ പറിച്ചു കളയരുത്... “
ഇന്ന് ഉത്രാടമാണ്...
“ഇല്ല, ജ്യോതിയാ ഇന്നലെയും മൊട്ടു പറിച്ചു കളഞ്ഞത്.., ഞാനല്ല.. “ എനിക്ക് പറയാന്‍ പറ്റുന്നതിനും മുമ്പേ വാസുദേവന്‍ പറഞ്ഞു...
അവനു ഞാന്‍ വെച്ചിട്ടുണ്ട്... ഇന്നലെ ഊഞ്ഞാലില്‍ നിന്നു തള്ളിയിട്ടതിന്റെ ഒരു കടം ഇപ്പോത്തന്നെ ബാക്കിയുണ്ട്. ഇനിയാകട്ടെ, ഉപ്പേരി കട്ടെടുക്കുമ്പോ ഒരെണ്ണം പോലും കൊടുക്കില്ല അവന്...
ഞാനും ചിത്ര ചേച്ചിയും കുഞ്ഞുമുഹമ്മദും ചേര്‍ന്നായിരുന്നു പൂക്കളമിട്ടത്... എന്തു രസമായിരുന്നെന്നൊ പൂക്കളം കാണാന്‍!! നടുക്കു വെച്ചിരുന്ന ആമ്പല്‍പ്പൂ കാണാന്‍ എത്ര ഭംഗിയാ..!! വാസുദേവനാ അങ്ങനെ വെക്കാമെന്നു പറഞ്ഞത്, അവന്‍ തന്നെയാ അതു പറിച്ചു കൊണ്ടു വന്നതും.. അത് കണ്ടപ്പോ എനിക്കവനോടു ഭയങ്കര ഇഷ്ടം തോന്നി...
... ഉം.. അവനോടുള്ള പിണക്കം മാറ്റിയാലോ? ? ഉപ്പേരിയും കൊടുക്കാം... അവന്‍ പാവമല്ലേ!!
അതായിരിക്കും മാവേലിക്കും ഇഷ്ടം...
***************************************************
രണ്ട്:-
വാസുദേവനും കുഞ്ഞുമുഹമ്മദും ഉറക്കെ പാട്ടു പാടിക്കൊണ്ട് ഊഞ്ഞാലാടുകയായിരുന്നു...
“ ഉം.. ഉത്രട്ടാതി വരെയെ ഉള്ളു ഊഞ്ഞാല്‍!! അന്നു തങ്കപ്പന്‍ വരും ഒഴിയടക്കാന്‍...“ അപ്പൂപ്പന്‍ പറഞ്ഞു. അപ്പൂപ്പന്‍ അങ്ങനെ പറഞ്ഞതും എല്ലാവരുടെയും പാട്ടു നിന്നു..
അവിട്ടം, ചതയം, പൂരുട്ടാതി... മൂന്നേ മൂന്നു ദിവസം കൂടി ബാക്കി!!
വാസുദേവന്‍ ഈ വര്‍ഷമല്ലേ മദ്രാസില്‍ നിന്നു തിരിച്ചു വന്നത്... “എന്താ ഈ ഊഞ്ഞാലും തങ്കപ്പനും തമ്മില്‍ ബന്ധം?“ .... അവന് ഒന്നും മനസ്സിലായില്ല... “എന്താ ചിത്രേച്ചീ തങ്കപ്പന്‍ വന്നാല്‍? തങ്കപ്പനല്ലേ ഊഞ്ഞാലിട്ടു തന്നത്?”
എനിക്കു വിഷമം വന്നു... “അയാളു തന്നെ വരും, അതഴിക്കാനും... “ .... “തങ്കപ്പന്‍ തേങ്ങയിടാന്‍ വരും... അപ്പോ പുതിയ തേങ്ങാക്കുലകള്‍ പിടിച്ചു കെട്ടാന്‍ കയറു വേണ്ടേ? അതിനാ അപ്പൂപ്പന്‍ ഊഞ്ഞാലഴിക്കുന്നത്...” ഞാന്‍ കരയാന്‍ തുടങ്ങി...
ചിത്രേച്ചി എന്നെ കെട്ടിപ്പിടിച്ചു.. “മോന്‍ കരയണ്ടാ... “ എന്നിട്ടു സ്വയം പറഞ്ഞു... “ഈ അപ്പൂപ്പനെന്താ വേറേ പുതിയ കയറ് വാങ്ങിക്കൂടേ?”... ചിത്രേച്ചി പറഞ്ഞത് അല്പം ഉറക്കെയായിരുന്നു... അപ്പൂപ്പന്‍ അതു കേട്ടു...
“നീ കമ്മ്യൂണിസ്റ്റ്കാരന്റെ മോളു തന്നെയാടീ പെണ്ണേ... സമരം വേണ്ടാ... ഞാന്‍ വേറേ കയറു വാങ്ങി...” അപ്പൂപ്പന്‍ വന്നു എല്ലാരേയും കെട്ടിപ്പിടിച്ചു.. “എന്റെ മക്കള്‍ മതിയാവുന്ന വരെ ഊഞ്ഞാലാടിക്കോ”
അപ്പൂപ്പന്‍ എന്തു നല്ലതാ... കുറെ കണ്ണീരു വെറുതേ കളഞ്ഞു!!
വാസുദേവന്‍ കളിയാക്കുന്നു!!
***************************************************
മൂന്ന്:-
പച്ചടി, അവിയല്‍, തോരന്‍, ഉള്ളിത്തീയല്‍, കൂട്ടുകറി, ഇഞ്ചിക്കറി, നാരങ്ങാ അച്ചാര്‍, മാങ്ങാ അച്ചാര്‍, കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, പപ്പടം, പഴം..... എല്ലാം വിളമ്പി...
“നീ പോയി ചോറെടുത്തോണ്ടു വാ...” അച്ഛന്‍ മാവേലിക്കു സദ്യ വിളമ്പുകയാണ്...
ചോദിക്കണോ? വേണ്ടാ... അല്ലെങ്കില്‍ ചോദിച്ചേക്കാം; അച്ഛന്‍ ദേഷ്യപ്പെടുമോ?...
അവസാനം ചോദിച്ചു: “അച്ഛാ.. ഈ മാവേലി എല്ലാ വീട്ടീന്നും കഴിച്ചാ ഇനിയും കുടവയറു വലുതാവില്ലേ?”... അച്ഛന്‍ അതു കേട്ടതേയില്ല. രവിച്ചേട്ടന്റെ ഡ്രോയിങ് ബുക്കില്‍ കണ്ട മാവേലിയുടെ പടത്തില്‍ എന്തു കുടവയറാ മാവേലിക്ക്! ഇനിയും വയറു കൂടിയാല്‍ എങ്ങനെയാ ഈ നാടു മുഴുവന്‍ നടക്കുക?
“നീ ചോറെടുത്തോണ്ടു വാ ജ്യോതീ....” അച്ഛന്‍ വീണ്ടും പറഞ്ഞു...
രവിച്ചേട്ടന്റെ കൂടെയിരുന്നാണു ഓണസദ്യ ഉണ്ടത്... ചോറു വരാന്‍ കാത്തിരിക്കുന്ന സമയത്ത് രവിച്ചേട്ടനോടു ചോദിച്ചു.. “രവിച്ചേട്ടാ... ശരിക്കും മാവേലി വരുമോ?”
രവിച്ചേട്ടന്‍ എന്റെ തലക്കിട്ടൊരു കൊട്ടു തന്നു... “പിന്നെ വരില്ലേ, മണ്ടാ.. നമ്മള്‍ സദ്യയുണ്ണുന്ന സമയത്ത് മാവേലി പൂജാമുറിയില്‍ വന്നിരിപ്പുണ്ട്.. സദ്യയുണ്ണാന്‍!!”
.... പോയി നോക്കിയാലോ?...
“എന്നു വെച്ച് പോയി നോക്കണ്ടാ... നമുക്കു കാണാന്‍ പറ്റില്ല!!”
എന്തു സ്വാദായിരുന്നെന്നൊ അവിയലിന്.. ഒരുപാടുണ്ടു!! എഴുന്നേല്‍ക്കാന്‍ വയ്യാ... ഒരു സദ്യ ഉണ്ടപ്പോഴേ ഇങ്ങനെയാണെങ്കില്‍ മാവേലി എങ്ങനെയാ ഈ സദ്യയെല്ലാം ഉണ്ണുന്നത്? അമ്പൊ!!
ഊണു കഴിഞ്ഞ് അച്ഛന്‍ പൂജാമുറിയിലേക്കു പോയപ്പോ ഞാനും കൂടെ പോയി. വിളമ്പിയതെല്ലാം അതു പോലെ തന്നെ ഇരിക്കുന്നു. രവിച്ചേട്ടന്‍ പറ്റിച്ചല്ലോ!!
“ങാ, മാവേലി വന്നു സദ്യയുണ്ടിട്ടു പോയല്ലൊ! ഇത്തവണ പപ്പടമാ കഴിച്ചത്!!” ... രവിച്ചേട്ടനാണ്.
... എനിക്കൊന്നും മനസ്സിലായില്ല... “പപ്പടമോ?”
“അതേടാ... സദ്യ മുഴുവനും കഴിക്കാന്‍ മാവേലിക്കു പറ്റുമോ? എല്ലാ വീടുകളില്‍ നിന്നും കഴിക്കേണ്ടേ? അതു കൊണ്ട് ഇങ്ങനെ കുറെശ്ശെ കഴിക്കും, എല്ലാ വീട്ടീന്നും!!”
രവിച്ചേട്ടന്‍ പപ്പടം എടുത്തു കാണിച്ചു. അതിന്റെ ഒരറ്റം അല്പം ഒടിച്ചെടുത്തിരിക്കുന്നു...
***************************************************
Saturday, August 25, 2007
Subscribe to:
Post Comments (Atom)
12 comments:
comments onnum kandillaaa.... athukondanu.......
ഓണച്ചിന്തുകള്‍ മനോഹരം... കുറച്ചുകാലം പുറകിലേക്കു പോയി....
സുഹൃത്തേ താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
joli okke kalanjittu, naatil poyaalo?
ഐശ്വര്യവും സന്തോഷവും നന്മയും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു.
ഓണം കഴിഞ്ന്‍ഞ്ഞിട്ടാണ് ഇതു വായിച്ചത്.ഇഷ്ടായി.
ഓണച്ചിന്തുകള്‍ ഇഷ്ടമായി ജ്യോതീ..
എല്ലാവര്‍ക്കും നന്ദി!! :):):)
എല്ലാവരുടേയും ഓണം ഗംഭീരമായിരുന്നെന്നു കരുതുന്നു...
ഓണച്ചിന്തുകള്‍ മനോഹരമായിരിക്കുന്നു..ഗൃഹാതുരത്വം നിറഞ്ഞ വാക്കുകള്‍.....
അഭിനന്ദനങ്ങള്‍ ...മുകളില്‍ വയ്ക്കുക...
(congratulations ..keep it up)
ഓണചിന്തുകള്‍
നന്നായിട്ടുണ്ട്...
വായിക്കാന്‍ അല്‍പം വൈകിയെന്നു മാത്രം...
നന്നായിട്ടുണ്ട്..
ഇനിയും എഴുതുക...
ഭാവുകങ്ങള്‍...
ഓണചിന്തുകള്‍ ഞാന്‍ നേരത്തെ വായിച്ചു പക്ഷേ ഒരു അഭിപ്രായം എഴുതണം എന്ന് ഇന്ന് തോന്നി.
കുറെ നല്ല നിഷ്ക്ളങ്കമായ ബാല്യകാല ഓര്‍മ്മകള്‍ വളരെ മനോഹരമായി എഴുതി ചേര്‍ത്തിരിക്കുന്നു.
ലളിതം, മനോഹരം.. അഭിനന്ദനങ്ങള്‍ ..തുടര്‍ന്ന് എഴുതുക.....
ജ്യോതി,
നന്നായിരിയ്ക്കുന്നു.
ഓണം കഴിഞ്ഞാണു വായിച്ചതെങ്കിലും ഗ്രഹാതുരത്വം നിറഞ്ഞ വാക്കുകള്‍....
മോശമല്ലാത്ത ക്രാഫ്റ്റ്..!!
ഇനിയും എഴുതൂ..
ഇനിയും കാണാം..!!!!
Post a Comment